നിർമ്മാണത്തിലെ അപാകത; കോഴിക്കോട് നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകർന്നുവീണു

കോഴിക്കോട്: മുക്കം കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീമുകൾ തകർന്നു വീണു. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്ക് മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത്‌ മണിയോടെ പാലത്തിന്‍റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകത ആണെന്നാണ് പ്രാഥമിക നിഗമനം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്വന്തം ജില്ലയായ കോഴിക്കോടാണ് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണത്. തൊഴിലാളികൾക്ക് ആർക്കും തന്നെ അപകടം സംഭവിച്ചിട്ടില്ല. അതേസമയം പാലത്തിന്‍റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്‍റെ നിർമ്മാണപ്രവൃത്തി ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ പാലത്തിന്‍റെ ബീമുകൾ തകർന്നത്.

പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ മൂന്ന് ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയുടെ സാങ്കേതിക തകരാർ മൂലം ചെരിയുകയും അത് മറ്റ് ബീമുകൾ കൂടെ തകരാൻ കാരണമാവുകയുമാണ് ഉണ്ടായത്. 2019 മാർച്ചിലായിരുന്നു പാലം നിർമ്മാണപ്രവൃത്തി തുടങ്ങിയിരുന്നത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തായും പാലത്തിന്‍റെ കാലുകൾക്കുവേണ്ടിയുള്ള പൈലിംഗ് നടത്തി ഐലൻഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവെ കാലവർഷത്തിന്‍റെ കുത്തൊഴുക്കിൽ പുഴയിലെ ഐലൻഡ്‌ ഒലിച്ചുപോയതോടെ നിർമാണപ്രവൃത്തി നിർത്തിവെക്കുകയും ചെയ്തിരുന്നു. പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാലത്തിന്‍റെ ഒരു ഭാഗം തകർന്നുവീണത്.

Comments (0)
Add Comment