ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

 

കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ. സുധാകരന്‍റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് വിചാരണ കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ സുധാകരനെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി. ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്.

Comments (0)
Add Comment