തുറന്ന സംവാദത്തിന് തയാറെന്ന് രാഹുല്‍; മോദി പങ്കെടുക്കാന്‍ തയാറുണ്ടോയെന്നും ചോദ്യം

Jaihind Webdesk
Saturday, May 11, 2024

 

ന്യൂഡല്‍ഹി: തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് രാഹുല്‍ ഗാന്ധി. മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, അജിത്ത് പി. ഷാ, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവരുടെ ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സംവാദത്തിന് താന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദത്തിന് തയാറാകുമ്പോള്‍ സ്ഥലവും സമയവുമടക്കം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സില്‍ അറിയിച്ചു.

തുറന്ന സംവാദം  ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികളെ സംബന്ധിച്ചിടത്തോളം നല്ല അവസരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ഇതിനെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നത് രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.