കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ; കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ ചർച്ച ചെയ്യും

Jaihind News Bureau
Saturday, January 11, 2020

 

കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി കേന്ദ്രം മുന്നോട്ട് പോകാൻ തീരുമാനിച്ച സഹചര്യത്തിൽ തുടർ പ്രതിഷേധങ്ങൾ യോഗം ചർച്ച ചെയ്യും.

ജെ.എൻ.യു, ജാമിയ മിലിയ ഉൾപ്പെടെയുള്ള സർവകലാശാലകളിൽ ഉണ്ടായ അക്രമങ്ങൾ, കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ യോഗത്തിന്‍റെ പരിഗണനയിൽ വരും. ജെ.എൻ.യു അക്രമത്തിൽ കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് യോഗത്തിൽ വെക്കും. ഹൈബി ഈഡൻ എം.പി യുടെ നേതൃത്വത്തിൽ 4 അംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.