സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ്, സൗജന്യ ബസ് യാത്ര; തെലങ്കാനയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, September 17, 2023

 

ഹൈദരാബാദ്: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് സർക്കാർ തെലങ്കാനയിൽ അധികാരത്തിലെത്തുക എന്നത് തന്‍റെ സ്വപ്നമാണെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണ്‍ സോണിയാ ഗാന്ധി. തെലങ്കാനയുടെ സമഗ്ര ക്ഷേമത്തിനായി ആറിന പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ് നടത്തി. തെലങ്കാനയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിനു ശേഷം ഹൈദരാബാദിൽ നടന്ന വിജയഭേരി മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

“തെലങ്കാനയിലെ എന്‍റെ പ്രിയ സഹോദരിമാരെ ശാക്തീകരിക്കുന്ന ഒരു പ്രഖ്യാപനം നടത്താൻ ഈ ചരിത്ര ദിനത്തിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. മഹാലക്ഷ്മി, അതായത് രൂപ. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ടിഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. തെലങ്കാനയിലെ ജനങ്ങളുടെയോ തെലങ്കാനയിലെ എന്‍റെ സഹോദരീ സഹോദരന്മാരുടെയോ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, ഞങ്ങൾ ആറ് ഉറപ്പുകൾ പ്രഖ്യാപിക്കുന്നു, മഹാലക്ഷ്മി ആദ്യത്തേത്, അവ ഓരോന്നും നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” – സോണിയാ ഗാന്ധി പറഞ്ഞു.

 

 

വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന ഘടകങ്ങളോട് എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസിന്‍റെ വിശാല പ്രവർത്തക സമിതിയിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. 2024-ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെപ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ഖാർഗെ പറഞ്ഞു.