“രാജ്യസഭയിലേക്കുള്ള രണ്ട് സീറ്റിലും കോണ്‍ഗ്രസ് ജയിക്കും, ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ ഫലിക്കില്ല” : സച്ചിന്‍ പൈലറ്റ്

Jaihind News Bureau
Thursday, June 11, 2020

ജയ്പൂര്‍: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് വിജയത്തിലെത്തുക എന്ന കുതന്ത്രവുമായി ഇറങ്ങിത്തിരിച്ച ബിജെപിയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ചാക്കിട്ട് പിടിത്തത്തിനുള്ള അണിയറ നീക്കങ്ങളുമായി രാജസ്ഥാനിലേക്ക് വരേണ്ടേതില്ലെന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്നില്‍ തന്നെ അടിയുറച്ച് നില്‍ക്കുമെന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റില്‍ വിജയിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. പരാജയം ഉറപ്പാണെന്ന് ബിജെപിക്കും അറിയാമെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമാണ് അവര്‍ രണ്ടാമത്തെ സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും കുതന്ത്രങ്ങളുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി മുന്നോട്ടുവെച്ച കോടികളുടെ ഓഫര്‍ നിഷ്‌കരുണം നിരാകരിച്ച തന്‍റെ എംഎല്‍എമാരില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. എംഎല്‍എമാര്‍ക്ക് 25 മുതല്‍ 30 കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്നുള്ള നീക്കവുമായി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗത്തിന് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി കത്തുനല്‍കി. ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെയാണ് ചീഫ് വിപ്പ്​ കത്ത്​ നൽകിയിരിക്കുന്നത്​.

മൂന്ന് സീറ്റുകളിലേക്കാണ് രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 18നാണ് ഇവിടെ തെരഞ്ഞെടുപ്പ്. നിലവിലെ രാജസ്ഥാൻ നിയമസഭയിലെ അംഗസംഖ്യ വെച്ച്​ രാജ്യസഭയിലേക്ക്​ രണ്ട്​ അംഗങ്ങളെ കോൺഗ്രസിനും ഒരു അംഗത്തെ ബി.ജെ.പിക്കും വിജയിപ്പിക്കാം. ഒരു സീറ്റുകൂടി അധികം നേടാനുള്ള ശ്രമങ്ങളാണ്​ ബി.ജെ.പി നടത്തുന്നതെന്നാണ് ആരോപണം. ഒരാളെ മത്സരിപ്പിക്കുന്നതിന് പകരം ബി.ജെ.പി രണ്ട് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് അട്ടിമറി നീക്കം വെളിപ്പെട്ടത്. 51 ഒന്നാം വോട്ട് ആണ് നിലവിലെ സംസ്ഥാന നിയസഭയിലെ അംഗബലം അനുസരിച്ച് ഒരാള്‍ക്ക് ജയിക്കാന്‍ വേണ്ടത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളും ബി.ജെ.പിക്ക് 72 എം.എല്‍.എമാരുമാണുള്ളത്. ഇതില്‍ 12 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.