കൊവിഡ് അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടും : വിഡി സതീശന്‍

കൊവിഡിന്‍റെ  മറവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നടന്ന കൊള്ളകളെ കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡിന്‍റെ മറവിലെ കൊള്ളകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് ഒരു വ്യക്തി അയാളുടെ ലാപ്‌ടോപ് ഉപയോഗിച്ച് നടത്തിയത്. രാഷ്ട്രീയ നേതൃത്വവും ഈ അഴിമതിയില്‍ പങ്കാളിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരാളെ മാത്രം പ്രതിയാക്കി രാഷ്ട്രീയ നേതൃത്വത്തെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂവായിരത്തോളം ഫയലുകളാണ് കമ്പ്യൂട്ടറില്‍ നിന്നും നശിപ്പിച്ചത്. സര്‍ക്കാര്‍ ഫയലുകള്‍ കാണാതായിട്ടും പൊലീസ് കേസെടുക്കുന്നില്ല. ഫയല്‍ നഷ്ടപ്പെട്ടത് നിസാരസംഭവമായാണ് ആരോഗ്യമന്ത്രി കാണുന്നത്. രാഷ്ട്രീയ നേതൃത്വം പിടിക്കപ്പെടുമെന്നുള്ളതു കൊണ്ടാണ് ഫയല്‍ കാണാതായതിനെ നിസാരവല്‍ക്കരിക്കുന്നത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ മാര്‍ഗം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment