ആശ്വാസം: സൈന്യത്തില്‍ സ്ഥിരം കമ്മീഷന്‍ നിഷേധിച്ച വനിതാ ഉദ്യോഗസ്ഥരെ പിരിച്ചുവിടരുതെന്ന സുപ്രീം കോടതി വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു

Jaihind News Bureau
Saturday, May 10, 2025

ന്യൂഡല്‍ഹി: സ്ഥിരം കമ്മീഷന്‍ (പിസി) നിഷേധിക്കപ്പെട്ടതിനെതിരെ ഹര്‍ജി നല്‍കിയ ഹ്രസ്വകാല കമ്മീഷന്‍ (എസ്എസ്സി) വനിതാ സൈനിക ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ഇടക്കാല നിര്‍ദ്ദേശം നല്‍കി. ഇതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും വിരമിച്ച വിംഗ് കമാന്‍ഡറുമായ അനുമ ആചാര്യ പറഞ്ഞു.

ഓരോ വര്‍ഷവും 250 ഹ്രസ്വകാല കമ്മീഷന്‍ ഓഫീസര്‍മാര്‍ക്ക് മാത്രമേ സ്ഥിരം കമ്മീഷന്‍ നല്‍കാന്‍ കഴിയൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സൈന്യത്തില്‍ യുവ കേഡര്‍ ഓഫീസര്‍മാര്‍ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍, യുവ സൈനികര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും മാനസിക ശക്തിക്കും പരിചയസമ്പന്നരായ വനിതാ ഉദ്യോഗസ്ഥരും വളരെ പ്രധാനമാണെന്ന് സുപ്രീം കോടതി ഇതിനോട് പ്രതികരിച്ചു സുപ്രീം കോടതിയുടെ ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രതീക്ഷയുടെ കിരണമാണെന്നും ആചാര്യ പറഞ്ഞു.

വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ഹ്രസ്വകാല കമ്മീഷന്‍ വനിതാ സൈനിക ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ‘നിലവിലെ സാഹചര്യത്തില്‍’ വനിതാ സൈനിക ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കരുതെന്നും പരമോന്നത കോടതി ആഹ്വാനം ചെയ്തു.

2006 ന് ശേഷം സൈന്യത്തിലെ നയങ്ങള്‍ തുടര്‍ച്ചയായി മാററിയിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ്, എന്‍ഡിഎ വഴി സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രവേശനം ലഭിച്ചു തുടങ്ങി. ഇനി 30 വര്‍ഷത്തിന് ശേഷം ഒന്നോ അതിലധികമോ സ്ത്രീകളെ സൈനിക മേധാവിയായി കാണാന്‍ കഴിയുമെന്ന് നമുക്ക് ഇപ്പോള്‍ പ്രതീക്ഷിക്കാം,’ ആചാര്യ പറഞ്ഞു. 69 വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഓഗസ്റ്റിലാവും അടുത്ത വാദം കേള്‍ക്കുക. അതുവരെ വനിതാ ഉദ്യോഗസ്ഥരെ നിലനിര്‍ത്തണമെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം.