വടകരയില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമം തുടരുന്നു

Jaihind Webdesk
Sunday, February 24, 2019

വടകര ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ആയഞ്ചേരി ടൗണില്‍ ഉച്ചക്ക് രണ്ടുമണിവരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അക്രമത്തില്‍ ജനാലും വരാന്തയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു.

അതേ സമയം, ഇരട്ടക്കൊലപാതകത്തനുശേഷവും കാസര്‍ഗോഡ് പെരിയയിലും സി.പി.എമ്മിന്റെ അക്രമങ്ങള്‍ തുടരുകയാണ്. കാസര്‍കോട് പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീട് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ രാജന്‍ പെരിയയും കുടുംബവും വീട്ടിലുണ്ടായിരുന്നു.