ചരിത്രം വളച്ചൊടിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ നടപടികള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ്.വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ട് മന്ത്രിസഭയുടെ തീരുമാനം. ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളിലൂടെ ചരിത്രത്തെ വളച്ചൊടിച്ച് നടത്തിയ ‘പരിഷ്കരണങ്ങള്‍’ മാറ്റി പുസ്തകങ്ങള്‍ പഴയ നിലയിലാക്കാനാണ് തീരുമാനം. ഇതോടെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കും.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദസ്താശ്ര നിര്‍ദേശം നല്‍കി. പാഠപുസ്തകങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. രാജ്യചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാരിന്‍റെ കാവി നിറത്തിലുള്ള സൈക്കിള്‍ നല്‍കാനുള്ള തീരുമാനവും വിവിധ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും ആര്‍.എസ്.എസ് അനുഭാവികളെ തിരുകിക്കയറ്റിയെന്ന ആക്ഷേപവും പരിശോധിക്കാനും നടപടി സ്വീകരിക്കാനും ഗഹ്‌ലോട്ട് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ കാവിവത്ക്കരണം പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങളായിരുന്നു അധികാരത്തിലെത്തിയതോടെ പാഠപുസ്തകങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് ഒഴിവാക്കിയായിരുന്നു 2016 ലെ എട്ടാം ക്ലാസ് പാഠപുസ്തകം പുറത്തിറങ്ങിയത്.
ഗോവയിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് നെഹ്റുവിന്‍റെ ചിത്രം ഒഴിവാക്കി പകരം ഹിന്ദുമഹാസഭാ നേതാവിന്‍റെ ചിത്രം തിരുകിക്കയറ്റിയത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എന്‍.എസ്.യു.ഐ രംഗത്തെത്തിയിരുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ പുതുക്കിയ പാഠപുസ്തകങ്ങളിലെ പരിഷ്‌കാരവും വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.മോദി സര്‍ക്കാരിന്‍റെ പദ്ധതികള്‍ തിരുകിക്കയറ്റിയും, ചരിത്രത്തെ സ്വാധീനിച്ച നേതാക്കളെ അടര്‍ത്തിമാറ്റിയുമായിരുന്നു 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളിലെ എന്‍.സി.ഇ.ആര്‍.ടിയുടെ ‘പരിഷ്കാരം’.
നോട്ട് നിരോധനം, വിവരാവകാശനിയമം, സ്വച്ഛ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങി പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന വരെ കുട്ടികളുടെ പാഠ്യവിഷയമാണ് നിലവില്‍. വിവരാവകാശനിയമം എന്‍.ഡി.എ സര്‍ക്കാരാണ് നടപ്പിലാക്കിയതെന്ന രീതിയിലാണ് പുസ്തകത്തിലെ വിവരണം. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും നിരവധി പേരുടെ ജീവന്‍ നഷ്ടമാക്കുകയും ചെയ്ത നോട്ട് നിരോധനം പോലും ഭരണനേട്ടമായാണ് പാഠപുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ നിരവധി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ചരിത്രത്തെ വളച്ചൊടിച്ചും വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ നടപടികളെ തിരുത്തുന്നതിനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.