നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം : നാളെ കോണ്‍ഗ്രസ് ധര്‍ണ്ണ

Jaihind Webdesk
Wednesday, November 7, 2018

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നോട്ടുനിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ നവംബര്‍ 8ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും എറണാകുളത്തും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

നോട്ടുനിരോധനത്താല്‍ ജനം അനുഭവിച്ച ദുരിതവും, രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യവും ബാങ്കിന് മുന്നില്‍ ക്യൂനിന്ന് 100 കണിക്കിന് പേര്‍ മരിക്കാനിടയായ സാഹചര്യം ഓര്‍മ്മിപ്പിച്ചാണ് എ.ഐ.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തുന്നത്.

തിരുവനന്തപുരത്ത് എ.ജി.എസ് ആഫീസിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും, എറണാകുളത്ത് കല്ലൂര്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ വി.ഡി. സതീശന്‍ എം.എല്‍.എയും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തും.

നോട്ടുനിരോധനത്തിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം.99.3 ശതമാനം നോട്ടുകള്‍ മാത്രമാണ് തിരികെയെത്തിയത്. ആ സാഹചര്യത്തില്‍ കള്ളപ്പണം എവിടെയെന്ന് കേന്ദ്രം വ്യക്തമാക്കണം. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകാണ് മോദിസര്‍ക്കാര്‍. രാജ്യത്തിന്‍റെ സാമ്പത്തികം മെച്ചപ്പെടുത്താന്‍ കഴിയാത്തതിന്‍റേയും ഇന്ധനവില വര്‍ധിപ്പിച്ചതിന്‍റേയും ഉത്തരവാദിയായ പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സി രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.