കണ്ണൂരിലെ റെയില്‍വേ ഭൂമി കൈമാറ്റത്തിനെതിരെ പ്രതിഷേധം ശക്തം; ഭൂസംരക്ഷണ ചങ്ങല തീർത്ത് കോണ്‍ഗ്രസ്

 

കണ്ണൂർ: കണ്ണൂരിലെ റയിൽവേ ഭൂമി പാട്ടത്തിന് നൽകിയതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. റെയില്‍വേ ഭൂമി കൈമാറ്റത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ഭൂസംരക്ഷണ ചങ്ങല തീർത്തു. യുഡിഎഫ് കൺവീനർ എം.എം ഹസൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള അന്തര്‍ധാര തുടരുകയാണെന്ന് എം.എം ഹസന്‍ പറഞ്ഞു.

റെയില്‍വേ ഭൂമി കൈമാറുന്നതിനെതിരായ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഭൂസംരക്ഷണ ചങ്ങല തീർത്തത്. കോൺഗ്രസിനെ എതിർക്കുന്നതിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണെന്ന് എം.എം ഹസൻ പറഞ്ഞു. റയിൽ വേ ഭൂമി കൈമാറിയതിൽ ബിജെപിയെ വിമർശിക്കുന്നതിനേക്കാൾ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിനെയാണ് വിമർശിക്കുന്നത്. കോൺഗ്രസിനെ എതിർത്ത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ അനുഭാവം പിടിച്ചുപറ്റാനാണ് സിപിഎം ശ്രമമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എം ഹസന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് ക്ഷണിച്ചിട്ടും സിപിഎം പങ്കെടുക്കാതിരുന്നതില്‍ ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള വിധേയത്വമാണ് പ്രകടമായത്. കേരളത്തിലെ സിപിഎമ്മുകാര്‍ കണ്ണുരുട്ടിയപ്പോള്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്ന യെച്ചൂരി ഒഴിവാകുകയായിരുന്നുവെന്നും എം.എം ഹസന്‍ പറഞ്ഞു.

കണ്ണൂരിലെ ജനത റെയില്‍വേയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും എന്ത് വിലകൊടുത്തും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായ ചടങ്ങിൽ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, മേയർ അഡ്വ. ടി ഒ മോഹനൻ  തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)
Add Comment