ഇടുക്കി: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് സി.പി മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് എം മണ്ഡലം ഭാരവാഹിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമന്റിട്ടെന്നാരോപിച്ചാണ് ജോസഫിനെ മർദ്ദിച്ചത്. രാത്രി കടയിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ മർദ്ദിച്ചത്. കോൺഗ്രസ് പ്രവർത്തകരെന്ന വ്യാജേന ഫോണിൽ വിളിച്ച് ജോസഫ് നിൽക്കുന്ന സ്ഥലം മനസിലാക്കിയതിന് ശേഷമായിരുന്നു സിപിഎം ഏരിയാ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘത്തിന്റെ ആക്രമണം.
യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് പോലീസിന്റേത് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറഞ്ഞു. കരിമണ്ണൂർ ടൗണിൽ നിന്നും പ്രകടനമായി എത്തിയ മാർച്ചിനെ പോലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. കുറ്റവാളികൾ വന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കുകയും സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്ന് നേതാക്കൾ വ്യക്തമാക്കി. റോയ് കെ. പൗലോസ്, ജോൺ നെടിയപാല, എൻ.ഐ ബെന്നി, എ.എം ദേവസ്യ, ജാഫർ ഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ജോമി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.