DySP ക്കെതിരെ നടപടി വേണം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

Jaihind Webdesk
Tuesday, January 8, 2019

കോൺഗ്രസിന്‍റെ ലോംഗ് മാർച്ചിൽ മനപൂർവം അക്രമം അഴിച്ചുവിട്ട DySP ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ പ്രതിഷേധമിരമ്പി. പൊലീസിനെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് പ്രവർത്തകർ അണിനിരന്നപ്പോൾ കോട്ടയം നഗരം ജനസാഗരമായി.

കള്ളക്കേസ് കെട്ടിച്ചമച്ച് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനെതിരെയാണ് ഇന്നലെ സത്യഗ്രഹസമരം നടത്തിയത്. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ശ്രീക്കുട്ടന്‍റെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തു. രാവിലെ 9 ന് ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചരയോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. കേരളം ഭരിക്കുന്നത് ക്രൂരനായ നീറോ ചക്രവർത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ വാക്കുകൾ.

തുടർന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ചു. അധികാരവർഗത്തെ പ്രീതിപ്പെടുത്താൻ നിർദാക്ഷിണ്യം വനിതകളെ തല്ലിച്ചതച്ചതിനെതിരെ സ്ത്രീകൾ തന്നെ മുന്നിൽ നിന്നു. കണ്ണുകളിലെ അഗ്നി വാക്കുകളിൽ പ്രതിഫലിച്ചു.

DySP യുടെ കിരാത നടപടിയിൽ കെ.എസ്.യുവിന്‍റെ യുവരക്തം തിളച്ചു. വാക്കുകൾ വർധിതവീര്യത്തിന്‍റെ ഇടിമുഴക്കമായി മാറി. DySP ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം.