
മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘കടക്ക് പുറത്ത്’ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസിന്റെ പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെ ജനവികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഇനി ‘കടക്ക് പുറത്ത്’ കാലം എന്ന പേരിലാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
ഭരണമാറ്റത്തിന് ഇനി വെറും 90 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ഓർമ്മിപ്പിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം പങ്കുവെച്ചു കഴിഞ്ഞു. “അനീതിയുടെ കസേരകൾ ഇളകും, ഇനി ‘കടക്ക് പുറത്ത്’ കാലം എന്ന ശക്തമായ ക്യാപ്ഷനോടെയുള്ള ഈ പോസ്റ്ററുകൾ അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ ഭരണവിരുദ്ധ വികാരങ്ങളെയും മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങളെയും കോർത്തിണക്കി ജനങ്ങളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായ സൈബർ പോരാട്ടങ്ങൾക്ക് ഈ ക്യാമ്പയിൻ വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.