ജനവിരുദ്ധ കേന്ദ്രഭരണത്തിനെതിരെ നവംബര്‍ 12ന് രാജ്ഭവന്‍ മാര്‍ച്ച്

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എഐസിസി ആഹ്വാനപ്രകാരം നവംബര്‍ 12ന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

മോദി സര്‍ക്കാരിന്‍റെ വികലമായ നടപടികളെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലയ്ക്കല്‍, അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ബാങ്കിംഗ് സമ്പ്രദായങ്ങളുടെ നാശം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. എഐസിസി നിരീക്ഷകന്‍ മധുസൂദന്‍ മിസ്ട്രിക്കാണ് കേരളത്തിലെ പ്രക്ഷോഭ പരിപാടികളുടെ ചുമതല.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിനെതിരെ എ.ഐ.സി.സി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ സംബന്ധിച്ച്8 തീയതി കെ.പി.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി വാര്‍ത്താസമ്മേളനം നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

congressKodikkunnil Suresh
Comments (0)
Add Comment