ബസ് സർവീസ് നിലനിർത്താൻ കെട്ടിവലിച്ചു കോൺഗ്രസ് സമരം; സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രശ്‌നത്തിൽ അധികൃതരുടെ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം

Jaihind News Bureau
Monday, June 22, 2020

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തി കാട്ടി തൃശൂരിൽ കോൺഗ്രസ് സമര രംഗത്ത്. ആദ്യ പടിയായി ബസുകൾ കെട്ടിവലിച്ച് കോൺഗ്രസ് പ്രവർത്തകർ സമര സന്ദേശം നൽകി.

നിബന്ധനകളോടെ തൊഴിൽ മേഖലകൾ തുറന്നെങ്കിലും ഭൂരിഭാഗം സ്വകാര്യ ബസുകളും സർവീസ് നിർത്തി വെച്ചതിനാൽ ജില്ലയിൽ യാത്രാ ക്ലേശം രൂക്ഷമാണ്. പ്രതിദിനം ഇന്ധന വില കൂടി ഉയരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള നാമ മാത്ര സർവീസുകളും നിർത്തുകയാണ്. സർക്കാർ അടിയന്തിരമായി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ആയിര കണക്കിന് തൊഴിലാളികൾ പട്ടിണിയിലാകും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. തൃശൂർ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകൾ കെട്ടി വലിച്ചുകൊണ്ട് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെപിസിസി അംഗം ശ്രീ എം പി വിൻസന്റ് ഉദ്ഘാടനം നിർവഹിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രശ്‌നത്തിൽ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.