ഇരട്ടകൊലകേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ പ്രതിഷേധം

Jaihind Webdesk
Friday, February 22, 2019

പെരിയയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി പി മുസ്തഫയെയും, കെ വി കുഞ്ഞിരാമനെയും ആദ്യം ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ്സ് പ്രചാരണ വിഭാഗം തലവൻ കെ.മുരളീധരൻ.കുഞ്ഞനന്തന്‍റെ ചികിത്സ എന്ന് പറയുന്നത് വീണ്ടും ക്വട്ടേഷൻ സംഘങ്ങളെ അയക്കുന്ന ജോലിയാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണുരിലെ ജയരാജന്മാർ തന്നെയാണ് ക്വട്ടേഷൻ സംഘത്തെ അയച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്നും കെ.മുരളീധരൻ കാഞ്ഞങ്ങാട് പറഞ്ഞു.

പെരിയയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കുക, യഥാർത്ഥ പ്രതികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കെ പി സി സി പ്രചാരണ വിഭാഗം തലവൻ കെ.മുരളീധരൻ മുഖ്യമന്ത്രിക്കും, സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ശരത്തിന്‍റെയും കൃപേഷിന്‍റെയും കൊലയാളികളെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവരിക എന്നതാണ് കോൺഗ്രസ്സ് ലക്ഷ്യം. ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്നത് കണ്ണൂരിലെ സി പി എം ആണ്.
കൊല്ലാൻ വിടുന്ന പി ജയരാജന്‍റെ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും ക്രൈംബ്രാഞ്ച് ഭരിക്കുന്നതും അതേ പിണറായി വിജയന്‍ തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ വിപി പി മുസ്തഫയെയും, കെ വി കുഞ്ഞിരാമനെയും ആദ്യം ചോദ്യം ചെയ്യണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

കുഞ്ഞനന്തന്റ ചികിത്സ എന്ന് പറയുന്നത് വീണ്ടും ക്വട്ടേഷൻ സംഘങ്ങളെ അയക്കുന്ന ജോലിയാണൊ എന്ന് സംശയിക്കുന്നു. കണ്ണുരിലെ ജയരാജൻമാർ തന്നെയാണ് ക്വട്ടേഷൻ സംഘത്തെ അയച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.

കോടതിയോട് നല്ല ബഹുമാനമുണ്ട് രണ്ട് ചെറുപ്പക്കാരെ വെട്ടി കൊന്നിട്ട് എപ്പോഴാണ് ഹർത്താൽ നടത്തുക. അറുംകൊല ഉണ്ടായാൽ അതിനെതിരെ പ്രതിഷേധിക്കാനുള്ള പ്രയോഗിക്കാനുള്ള ജനാധിപത്യ ആയുധമാണ് ഹർത്താൽ.ആ വികാരം കോടതി മനസ്സിലാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

നൂറു കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നേൽ, കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ, ഉൾപ്പടെയുള്ള നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് വലിച്ചുനീക്കി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.