കോട്ടയത്ത് പ്രകോപനമില്ലാതെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്; വാഹനം നീക്കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാർ

കോട്ടയം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. സമാധാനപരമായി നടന്ന പ്രതിഷേധ സമരത്തിന് ഇടയിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി വാഹനം മാറ്റാതെ പിരിഞ്ഞു പോവില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പോലീസിനെ അറിയിച്ചു.  പോലീസ് സ്ഥലത്തുനിന്ന് വാഹനം മാറ്റിയതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

ഗാന്ധി സ്ക്വയറിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ബിരിയാണി ചെമ്പുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ്, ഡിസിസി പ്രസിഡന്‍റ്‌ നാട്ടകം സുരേഷ്, അഡ്വ. ടോമി കല്ലാനി, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Comments (0)
Add Comment