കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് മഹാമാരിയേക്കാൾ വലിയ ദുരന്തം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, June 16, 2020

കൊവിഡ് മഹാമാരിയെക്കാള്‍ ഭീകര ദുരന്തമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം വൈദ്യുതിഭവന് മുന്‍പില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്രവും അമിത വൈദ്യുതി ബില്ല് നല്‍കി കേരള സര്‍ക്കാരും പകല്‍ക്കൊള്ള നടത്തുന്നു. ജനവികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനപക്ഷ സര്‍ക്കാരുകളല്ല രാജ്യവും സംസ്ഥാനവും ഭരിക്കുന്നത്.ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ അവരുടെ നെഞ്ചത്ത് ചവിട്ടി നൃത്തം ചെയ്യുകയാണ് ഇരുസര്‍ക്കാരുകളും. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി വഴിപാട് മാത്രമാണ് നടത്തുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതികരിക്കാനും ചോദ്യം ചെയ്യാനും പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിന്‍റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും നാം സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്.ഇന്ധനവില വര്‍ധനവിന്‍റെ ഫലമായി ഇവയുടെ വില കുത്തിച്ചുയരുകയാണ്.ഇത് സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും ജീവിതം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ഇന്ധനവില വര്‍ധനവിലൂടെ മാത്രം മോദി സര്‍ക്കാര്‍ 2.5 ലക്ഷം കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയത്. ഡോ.മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ വലയാതിരിക്കാന്‍ 1,25000 കോടി രൂപ സബ്‌സിഡി നല്‍കി മാതൃകയായി. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുമായിരുന്ന 619.17 കോടിരൂപയുടെ അധികനികുതി വരുമാനം വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അമിത വൈദ്യുതി ബില്ലില്‍ കെ.എസ്.ഇ.ബി നല്‍കുന്ന വിശദീകരണം ബാലിശമാണ്. സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് തകര്‍ക്കുന്ന ബില്ലാണ് ബോര്‍ഡ് നല്‍കിയത്. പൂട്ടിക്കിടന്ന വീടുകള്‍ക്കും ലോക്ക് ഡൗണ്‍കാലത്ത് അടച്ചിട്ടിരുന്ന കടകള്‍ക്കും വലിയ ബില്ലാണ് കെ.എസ്.ഇ.ബി നല്‍കിയത്.ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായി സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനം കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡിനെ മറയാക്കി പിടിച്ചുപറിയും പ്രകൃതി ചൂഷണവും അഴിമതിയും വഴിവിട്ട നിയമനങ്ങളും നടത്തുകയാണ് കേരള സര്‍ക്കാര്‍. പി.എസ്.സിയെയും എംപ്ലോയിമെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി. കെ.എസ്.ഇ.ബിയില്‍ നിലവില്‍ 31000 ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ അഭിപ്രായപ്പെടുമ്പോഴാണ് കുടുംബശ്രീ വഴി താല്‍ക്കാലിക അടിസ്ഥാനത്തില്‍ 10000 ഹെല്‍പ്പര്‍മാരേയും 1500 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരേയും നിയമിക്കുന്നത്. സി.പി.എം അനുഭാവികളെ പിന്‍വാതിലിലൂടെ നിയമിക്കാനാണ് ശ്രമം. ഇത് അംഗീകരിക്കാനാവില്ല.അതിരപ്പള്ളി പദ്ധതി വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് കരാറുകാരുമായുള്ള കണ്ണൂര്‍ ലോബിയുടെ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ്. പ്രകൃതിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, എന്‍.പീതാംബരക്കുറുപ്പ്, കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം, ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും എം.പിമാര്‍,എം.എല്‍.എമാര്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി വീടുകള്‍ക്ക് മുന്നില്‍ പ്രതീകാത്മകമായി വൈദ്യുതി ബില്ല് കത്തിച്ചുള്ള വീട്ടമ്മമാരുടെ പ്രതിഷേധം 19-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നടക്കും.