കൊച്ചി: സ്വർണ്ണക്കടത്തിന്‍റെ മറവിൽ നടന്ന ഡോളർ കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അലയടിക്കുന്നതായിരുന്നു കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ച്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് കലക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയതു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ വ്യക്തിയെ പോലീസിനെ ഉപയോഗിച്ച് വിരട്ടുകയാണെന്നും ഇനി ആരും മൊഴി നൽകാതിരിക്കാനാണ് ഇത്തരം നീക്കമെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സ്വപ്‌നയുടെ മൊഴിയുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും ധാരണയിലെത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ കോൺഗ്രസ് മുന്നിൽ ഉണ്ടാവും. സർക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരവുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഉദ്ഘാടന പ്രസംഗം അവസാനിച്ചതിന് ശേഷം പ്രകോപനമെന്നുമില്ലാതെ പോലീസ് അതിക്രമം ആരംഭിച്ചു. നേതാക്കൾ ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.