കണ്ണൂരില്‍ പൊലീസിനും, ജില്ലാ ഭരണകൂടത്തിനും, ആഭ്യന്തര വകുപ്പിനുമെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Monday, June 10, 2019

പൊലീസിനും, ജില്ലാ ഭരണകൂടത്തിനും, ആഭ്യന്തര വകുപ്പിനുമെതിരെ ശക്തമായ പ്രക്ഷോഭവുമായി കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി. വിവിധ കേസുകളിൽ പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും നിലപാടുകൾക്കെതിരെയും , ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ കള്ളവോട്ട് ചെയ്തവരുടെ പേരും വിവരങ്ങളും സഹിതം ജില്ലാ ഭരണകൂടത്തിന് പരാതി നൽകിട്ടും അതിൽ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.

ജില്ലയിലെ നിയമ പരിപാലന രംഗത്തും ഭരണനിർവ്വഹണ രംഗത്തും നീതിയും ന്യായവും നടപ്പിലാക്കുന്നതിൽ ജില്ലാ കലക്ടറും പോലീസും പൂർണ്ണമായും പരാജയപ്പെടുകയും നിഷ്‌ക്രിയത്വവും അലസതയും മൂലം ജനാധിപത്യത്തിന്‍റെ മൂല്യം ഉൾക്കൊള്ളാതെ ഗുരുതരമായ അലംഭാവവും കാണിക്കുന്നതിനെതിരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുന്നത്.

പിലാത്തറയിൽ റീ പോളിംഗിന് ശേഷം ബൂത്ത് ഏജന്‍റ് വി.ടി.വി.പത്മനാഭന്‍റെയും ഷാലറ്റ് സെബാസ്റ്റ്യന്‍റെയും വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ കാര്യക്ഷമമായി അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശാസ്ത്രീയമായ കുറ്റമറ്റ അന്വേഷണം നടത്താനോ നസീറിന്‍റെ മൊഴിയിൽ വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട തലശ്ശേരി എം.എൽ.എ, എ.എൻ ഷംസീറിനെതിരെ നിയമ നടപടി സ്വീകരിക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പിലാത്തറയിൽ ജനകീയ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കും. നസീറിന്‍റെ മൊഴിയിൽ വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട തലശ്ശേരി എം.എൽ.എ, എ.എൻ ഷംസീറിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂൺ 13ന് തലശ്ശേരിയിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഏകദിന ഉപവാസ സമരം നടത്തും. ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി സി.പി.എം. നേതൃത്വത്തിൽ കള്ളവോട്ട് ചെയ്തപ്പോൾ, അതിനെതിരെ തെളിവുസഹിതം പരാതി നൽകിട്ടും കള്ളവോട്ട് ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഇതു വരെ തയ്യാറായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് എതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജൂൺ 18ന് രാവിലെ 10 മണി മുതൽ കലക്ട്രേറ്റിന് മുന്നിൽ ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും സംഘടിപ്പിക്കും.