ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Thursday, July 14, 2022

പാലക്കാട്: ആളിയാര് ഡാമിലെ വെള്ളം ചോര്ത്തിക്കൊണ്ടുപോകാനുള്ള തമിഴ്‌നാട് സര്ക്കാര് നീക്കത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസം കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്റാം ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസ സമരം. വൈകിട്ട് 5 വരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിലാണ് ഏകദിന ഉപവാസം. ഉപവാസ സമരത്തോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്. തമിഴ്നാട് സർക്കാർ നീക്കത്തില്‍ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.

പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.  സ്ഥിരമായി ജല കരാർ ലംഘനവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തിയുമുള്ള തമിഴ്നാടിന്‍റെ ആധിപത്യം തടയാൻ കേരള സർക്കാരിന് കഴിയുന്നില്ല. കേരള സർക്കാരിന്‍റെ ഈ കഴിവുകേട് മുതലെടുത്താണ് ആളിയാർ ഡാമിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ഒരുങ്ങുന്നത്. കുടിവെള്ളത്തിനാണ് എന്ന ആവശ്യം ഉന്നയിച്ചാണ് തമിഴ്നാടിന്‍റെ നീക്കം.  അതേസമയം ഒട്ടൻഛത്രത്തു നിന്നും ആളിയാറിനെക്കാൾ ആടുത്തുള്ള തിരുമൂർത്തി ഡാമിൽ നിന്നോ അമരാവതി ഡാമിൽ നിന്നോ വെള്ളം കൊണ്ടുപോകാത്തത് ദുരൂഹമാണ്. ആളിയാറിൽ നിന്നു വെള്ളം കൊണ്ടു പോകുമ്പോൾ കേരളത്തിന് അവകാശപ്പെട്ട വെള്ളത്തിന്‍റെ അളവിൽ സ്വാഭാവികമായും കുറവുണ്ടാകും. തിരുമൂർത്തിയിലും അമരാവതിയിലുമുളള വെള്ളത്തിന്‍റെ പൂർണ്ണ അവകാശം തമിഴ്നാടിനാണെന്നിരിക്കെയാണ് ആളിയാർ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാട് നീക്കം.

പിഎപി കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട 7.25 ടിഎംസി വെള്ളം പോലും നേടിയെടുക്കാൻ കഴിയാത്ത പിണറായി സർക്കാർ ഭാരതപ്പുഴ നദീതടത്തെ വരൾച്ചാ മേഖലയാക്കാൻ കൂട്ടുനിൽക്കുകയാണ്. ഒരു നദീതട പ്രദേശത്തു നിന്നും മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് തമിഴ്നാടിന്‍റെ നീക്കം. കാവേരി നദീതട പ്രദേശമായ ഒട്ടൻ ഛത്രത്തിലേക്ക് ഭാരതപ്പുഴ നദിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോകുന്നത് നിയമ ലംഘനമാണ്. കാവേരി നദീതട തർക്ക കേസിൽ തമിഴ്നാടിന് ലഭിക്കുന്ന 404 ടിഎംസി വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിന്നു കുടിവെളളമെന്ന പേരിൽ നടത്താൻ ഒരുങ്ങുന്ന ജലക്കൊള്ള തടയാൻ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ഭാരതപ്പുഴയെ ആശ്രയിക്കുന്നവരെയും ചിറ്റൂർ മേഖലയെ പ്രത്യേകിച്ചും ജലക്ഷാമത്തിലേക്ക് തള്ളിവിടുന്ന നീക്കമാണ് ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോയാൽ സംജാതമാകുക. കുടിവെള്ളത്തിന് എന്ന പേരില്‍ കൊണ്ടുപോകുന്ന വെള്ളം പിന്നീട് മറ്റ് ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നത് മുൻ കാല അനുഭവങ്ങളാണ്. പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വർഷങ്ങളായി ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളെ വിള ഉണക്കത്തിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിവിടുന്ന ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി അനുവദിക്കാൻ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.