ഇന്ധന വിലവർധന:കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം: കെ സി വേണുഗോപാൽ

Jaihind News Bureau
Saturday, June 27, 2020

 

കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനപ്രകാരം പെട്രോൾ ഡീസൽ വിലവർധനക്കെതിരെ ജൂൺ 29 തിങ്കളാഴ്ച്ച ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടി സർക്കാരിന്റെ പകൽകൊള്ളക്കെതിരെയുള്ള കനത്ത പ്രതിഷേധമായി മാറുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്താവനയിൽ പറഞ്ഞു. ദിനം പ്രതി ഇന്ധന വില വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യമെങ്ങും ഉയർന്ന ജനരോഷം പ്രക്ഷോഭത്തിൽ പ്രതിഫലിക്കും. ഇതിന്റെ തുടർച്ചയായി ജൂൺ 30 മുതൽ ജൂലൈ നാലു വരെ ബ്ലോക്ക് മണ്ഡലം തലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

കോവിഡ് ദുരിതത്തിലും, അടച്ചിടലിലും തളർന്നു പോയ സാധാരണക്കാരന്റെ തോളിൽ അധികഭാരം അടിച്ചേൽപ്പിച്ചാണ് തുടർച്ചയായ ഇരുപത്തി ഒന്നാം ദിവസവും പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിട്ടുള്ളത്. കേന്ദ്ര തീരുവ ഇനത്തിൽ മാത്രം കോടിക്കണക്കിനു രൂപയാണ് ഈ കാലയളവിൽ കേന്ദ്രസർക്കാർ ലാഭം കൊയ്തത്. ഈ പകൽ കൊള്ളക്കെതിരെ ജൂൺ 29 നു രാവിലെ 11 മണി മുതൽ 12 മണി വരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പി സി സി കളുടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധ ധർണക്കൊടുവിൽ പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കാൻ ആവശ്യപ്പെട്ടു പാർട്ടി ജനപ്രതിനിധികളും, നേതാക്കളും പ്രവർത്തകരും മെമ്മോറാണ്ടം സമർപ്പിക്കും. ഇതിന്റെ തുടർച്ചയായി ജൂൺ 30 മുതൽ ജൂലൈ 4 വരെ താലൂക് ബ്ലോക്ക് തലങ്ങളിലും രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു. കൂടാതെ അന്നേ ദിവസം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ “സ്പീക്ക് അപ്പ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക് ” എന്ന പേരിൽ രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്താനും പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.

കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം വിജയകരമായി നടത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ ആവശ്യപ്പെട്ടു പി സി സി കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു. കൂടാതെ അന്നേ ദിവസം നടത്തുന്ന ഓൺലൈൻ കാമ്പയിനിൽ സാധാരണക്കാരുടെ ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ടാക്സി ബസ് ഡ്രൈവർമാർ, ഓല യൂബർ തൊഴിലാളികൾ, കർഷകർ, ദിവസവേതനക്കാർ തുടങ്ങിയവരുമായി സംസാരിക്കാനും , അവരുടെ ആവലാതികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ട ക്രമീകരങ്ങൾക്കായി പി സി സികൾക്കും കോൺഗ്രസ് നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ഷഹീദോ കോ സലാം ദിവസ് പരിപാടിയും, ഓൺലൈൻ കാമ്പയിനും വൻ വിജയമാക്കിയ കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും വേണുഗോപാൽ നന്ദി അറിയിച്ചു.