രാജ്യത്തെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം

Thursday, March 31, 2022

രാജ്യത്തെ വിലക്കയറ്റത്തിനെതിരെ എഐസിസി നിർദേശപ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഗ്യാസ് സിലിണ്ടറിനും ബൈക്കിനും മുകളിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഡിസിസി അധ്യക്ഷൻ അഡ്വ പ്രവീൺകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ഉൽഘാടനം ചെയ്തു. രാവിലെ 11 മണിയോടെ ആയിരുന്നു പ്രതിഷേധം.

കൊല്ലം ജില്ലയിലെ നേതാക്കളും പ്രവർത്തകരും വീടുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളും കാലി പാത്രങ്ങളുമായി അണിനിരന്നു പ്രതിഷേധിച്ചു. കൊല്ലം റെയിൽവേസ്റ്റേഷനു മുന്നിൽ നിരത്തിയിട്ട ഓട്ടോ റിക്ഷകൾക്ക് മുന്നിൽ മാലയിട്ട് ഗ്യാസ് സിലിണ്ടർ വച്ച് കാലി പാത്രം കൊട്ടി പ്രതിഷേധിച്ചു. മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, ഗീതാകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഡിസിസി ലപ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് മൈനാഗപ്പള്ളിയിലെ വസതിയിൽ പ്രതിഷേധ സമരം നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നേതാക്കളും പ്രവർത്തകരും പ്രതിഷേധങ്ങളിൽ അണിചേർന്നു. കാസർകോട് കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘം ടിപ്പിച്ച സമര പരിപാടി യുടെ ഉദ്ഘാടനം  യുഡിഎഫ്‌ കൺവീനർ എംഎം ഹസ്സൻ നിർവഹിച്ചു.

കണ്ണൂർ ജില്ലയിലെ നേതാക്കളും പ്രവർത്തകരും അണിനിരന്നു. ഡി സി സി ഓഫിസ് അങ്കണത്തിൽ നടന്ന പ്രതിഷേധത്തിന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മേയർ ടി.ഒ.മോഹനൻ, സതീശൻ പാച്ചേനി ,യു ഡി എഫ് ജില്ലാ ചെയർമാൻ പിടി മാത്യു തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി.