ഇന്ധന വില വർദ്ധനയില്‍ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം : സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്ത് നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ. വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങൾ തീരാ ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധനയിൽ സംയുക്ത പ്രതിഷേധത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ സി വേണുഗോപാൽ ഡല്‍ഹിയിൽ പറഞ്ഞു.

ഇന്ധന വില വർധയിൽ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി കെ ശ്രീകണ്ഠൻ എന്നിവരാണ് നോട്ടീസ് നൽകിയത്. ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺ​ഗ്രസിന്‍റെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു വിജയ് ചൗക്കിൽ. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന്  വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നിൽ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധർണയും വരും ദിവസങ്ങളിൽ നടക്കും.

Comments (0)
Add Comment