വിലക്കയറ്റം : കോൺഗ്രസ് പ്രതിഷേധത്തില്‍ പാർലമെന്‍റ് സ്തംഭിച്ചു


ന്യൂഡല്‍ഹി : ഇന്ധന-പാചകവാതക വില വര്‍ധനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റ് നടപടികള്‍ ഇന്നും സ്തംഭിച്ചു. വിലക്കയറ്റം ലോക്സഭ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ചയ്ക്കെടക്കണമെന്ന് എംപിമാരായ കൊടിക്കുന്നതില്‍ സുരേഷ് ബെന്നി ബെഹനാന്‍ ടി.എന്‍ പ്രതാപന്‍ ഹൈബി ഈഡന്‍ എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

ഇരുസഭകളുടെയും നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതകത്തിന്‍റേയും സര്‍ചാര്‍ജും സെസും തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രജ്ഞന്‍ ചൌധരി ആരോപിച്ചു. സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധന വിലവര്‍ദ്ധനവും, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും ലോക്സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രതിഷേധത്തിനെ തുടര്‍ന്ന് രണ്ട് തവണ ലോക്‌സഭ നടപടികള്‍ നിര്‍ത്തിവച്ചു. ഡിഎംകെയും , ത്രിണമൂണ്‍ കോണ്‍ഗ്രസും എന്‍സിപിയും പ്രതിഷേധവുമായി രംഗത്തുവന്നു.

Comments (0)
Add Comment