‘ഈ സ്നേഹവും കരുതലും നൽകുന്ന ഊർജ്ജം ചെറുതല്ല’; ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിനന്ദനത്തില്‍ സന്തോഷം; ‘കൂടണയും വരെ കൂടെയുണ്ട്’ ക്യംപെയിന് തുടക്കം കുറിച്ച നാസര്‍ പട്ടിത്തടം പറയുന്നു…

 

സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ക്യാംപെയിനായിരുന്നു കോണ്‍ഗ്രസിന്റെ ‘കൂടണയും വരെ കൂടെയുണ്ട്’ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയ്ന്‍. ഇപ്പോഴിതാ ക്യാംപെയിനെ പോലെ തന്നെ ശ്രദ്ധേയനാകുകയാണ്  ക്യംപെയിന് തുടക്കം കുറിച്ച നാസര്‍ പട്ടിത്തടവും. ക്യാംപെയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അഭിനന്ദനപ്രവാഹമാണ്  നാസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നാസര്‍ പട്ടിത്തടത്തെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. ഇരുവരും വിളിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച്  നാസര്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയിരുന്നു.

‘അൽപ്പം മുമ്പാണ് ഉമ്മന്‍ ചാണ്ടി  വിളിച്ചത്. ഹൃദയം തൊട്ട് സംസാരിച്ചു, സന്തോഷം രേഖപ്പെടുത്തി. പാർട്ടിക്ക് വേണ്ടി സൈബർ രംഗത്ത് അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാവർക്കും ആ സ്നേഹവും സന്തോഷവും ഞാൻ പങ്ക് വെക്കുന്നു. നമ്മളോട് നേതാക്കൾ കാണിക്കുന്ന സ്നേഹവും കരുതലും നൽകുന്ന ഊർജ്ജം ചെറുതല്ല’- നാസര്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാസറിനെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ‘ഏതൊരു പ്രവർത്തകനും ആഗ്രഹിക്കുന്നതും ഇത്തരം പ്രോത്സാഹനങ്ങളാണ്. അണികളുടെ ആവേശം നേതൃത്വം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് അവരോടൊപ്പം ചേർന്ന് സ്വന്തം പ്രൊഫൈലുകൾ മൂവർണ്ണം ചാർത്തിയപ്പോൾ നാം സാക്ഷിയായത് പാർട്ടിയുടെ സൈബർ ലോകത്തെ പുതു ചരിത്രത്തിനാണ്’-രമേശ് ചെന്നിത്തലയുടെ അഭിനന്ദനത്തിനു പിന്നാലെ നാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ  എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖനേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരുമെല്ലാം ക്യാംപെയിനില്‍ പങ്കുചേര്‍ന്നിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളേയും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയമാണെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും യാത്രക്ക് വഴിയൊരുങ്ങിയതില്‍  മുഖ്യ പങ്കുവഹിച്ചത് കോണ്‍ഗ്രസ് ആണ്.  ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്  ക്യാംപെയിനിന്‍റെ വിജയത്തിനു പിന്നില്‍.

 

 

 

 

Comments (0)
Add Comment