നിർധന കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്; താക്കോല്‍ ദാനം രമേശ് ചെന്നിത്തല നിർവഹിച്ചു

Jaihind Webdesk
Tuesday, January 3, 2023

ആലപ്പുഴ: കായംകുളത്ത് നിർധന കുടുംബത്തിന് വീടൊരുക്കി മാതൃകയായി കോൺഗ്രസ് പ്രവർത്തകർ. വീടിന്‍റെ താക്കോൽ ദാനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. കായംകുളം നഗരസഭ രണ്ടാം വാർഡിൽ ആലയിൽ ഷംസുദ്ദീനും കുടുംബത്തിനുമാണ് കോൺഗ്രസ് സഹായഹസ്തവുമായി എത്തിയത്. രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഡോ. അസ്‌ലം സലീമിന്‍റെ സഹായത്തോടെ 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീടിന്‍റെ നിർമാണം പൂർത്തീകരിച്ചത്.

ഇത്തരമൊരു ഉദ്യമത്തിന് സഹായഹസ്തവുമായി മുന്നോട്ടുവന്ന സലീമിന് എല്ലാ വിധ ആശംസകളും നേരുന്നതായി താക്കോല്‍ ദാനം നിർവഹിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. താക്കോൽ ദാന വേദിയിൽ തന്നെ മറ്റൊരു നിർധന കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന പ്രഖ്യാപനവും നടത്തി. വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന റംലത്താണ് വേദിയില്‍ രമേശ് ചെന്നിത്തലയോട് സഹായം അഭ്യർത്ഥിച്ചത്. റംലത്തിനും കുടുംബത്തിനും വീട് വെച്ച് നൽകുമെന്ന് വ്യവസായിയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും ധന്യാ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയുമായ ജോൺ മത്തായി ഉറപ്പ് നല്‍കി. ഡിസിസി സെക്രട്ടറി സി.എ സാദിഖിനാണ് വീട് നിർമാണത്തിന്‍റെ ചുമതല. ഡിസിസി പ്രസിഡന്‍റ് അഡ്വ. ബി ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. മറ്റ് കെപിസിസി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.