ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സമ്മേളനം നടക്കുക. 85- ാം പ്ലീനറി സമ്മേളനം 3 ദിവസങ്ങളിലായി നടത്താനാണ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായതിനു ശേഷമുള്ള ആദ്യ സമ്മേളനമാണ് 2023 ഫെബ്രുവരി പകുതിയോടെ നടത്തുക.
അതേസമയം കോണ്‍ഗ്രസ് ‘ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്’ പദയാത്ര സംഘടിപ്പിക്കും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുമെന്നും സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്കാണ് ഡൽഹിയില്‍ യോഗം ചേർന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വൻ വിജയവും ലക്ഷക്കണക്കിന് ആളുകളുടെ വിപുലമായ പങ്കാളിത്തവും യോഗം വിലയിരുത്തി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് യാത്ര എല്ലാ ദിവസവും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്താണ് മുന്നോട്ടുപോകുന്നത്. അചഞ്ചലമായ ദൃഢനിശ്ചയത്തോടെയും രാജ്യത്തോടും ജനങ്ങളോടുമുള്ള സ്നേഹം പ്രകടമാക്കിയും കരുത്തോടെ മുന്നോട്ടുപോകുന്ന രാഹുല്‍ ഗാന്ധിയെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രത്യേകം അഭിനന്ദിച്ചു. യാത്രയെ പിന്തുണയ്ക്കുന്നതിൽ കഠിനാധ്വാനം ചെയ്തതിന് രാജ്യത്തുടനീളമുള്ള കോൺഗ്രസിന്റെ നേതാക്കളോടും പ്രവർത്തകരോടും ഒപ്പം അതിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും കമ്മിറ്റി നന്ദി അറിയിച്ചു.
ഇന്ത്യ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികളില്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ സമ്പത്ത് ഏതാനും കൈകളിൽ കേന്ദ്രീകരിക്കാൻ സർക്കാർ അനുവദിക്കുമ്പോള്‍ കോടിക്കണക്കിന് ആളുകൾ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും നട്ടം തിരിയുകയാണ്. സാമ്പത്തിക മേഖല ഓരോ വർഷവും ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും ബോധപൂർവമായ അട്ടിമറിയും തുടരുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള നീക്കം ഭയാനകമാണ്. അതിർത്തി പ്രശ്നങ്ങളില്‍, പ്രത്യേകിച്ച് ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കേന്ദ്രസർക്കാർ മൗനം തുടരുകയാണ് ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അതേസമയം രാജ്യം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഭിന്നിപ്പിക്കുകയും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയുമാണ് ചെയ്യുന്നത്. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും സമീപകാല തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കുന്നവയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് കോൺഗ്രസിന് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് യോഗം വിലയിരുത്തി. ഓരോ കോൺഗ്രസ് പ്രവർത്തകരോടും ഐക്യത്തോടെയും ദൃഢനിശ്ചയത്തോടും കൂട്ടായ ലക്ഷ്യബോധത്തോടും കൂടി പ്രവർത്തിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു. പാർട്ടിയുടെ വിജയം ഓരോ നേതാക്കളുടെയും പ്രവർത്തകരുടെയും, ഒപ്പം ഇന്ത്യ എന്ന ആശയത്തിന്റെയും വിജയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.