ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ചില തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ രാജ്യത്തോടും ജനങ്ങളോടും ആഹ്വാനം ചെയ്തത് ഇനി കോണ്‍ഗ്രസ് മുക്ത ഭാരതമായിരിക്കുമെന്നാണ് എന്നാല്‍, ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരത്തിലെത്താനും വഴിയൊരുക്കിയ മൂന്ന് സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശും, രാജസ്ഥാനും ചത്തീസ്ഗഡും. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ അമിത് ഷായുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഭാവി രാഷ്ട്രീയം കോണ്‍ഗ്രസിന്റെ കരുത്തിനെ പ്രകടമാക്കുന്ന തലത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറുകയാണ്.
അധികാരത്തിന്റെ മത്ത് പിടിച്ച ബി.ജെ.പി അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെ തകര്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും മോദിയും അമിത് ഷായും കോണ്‍ഗ്രസിന് നിഷേധിച്ചു.
ജനാധിപത്യത്തിലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും എല്ലാ മര്യാദകളെയും ലംഘിച്ചായിരുന്നു മോദിയും അമിത് ഷായും മുന്നോട്ടുപോയത്. കോര്‍പ്പറേറ്റുകളെ കൂട്ടുപിടിച്ച് ഒപ്പം കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് എതിരെയും പ്രതിപക്ഷത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുരുട്ടുബുദ്ധിയുടെ പ്രയോക്താവായ അമിത്ഷാ നടത്തിയത്. അതിനെല്ലാം ഭരണഭരമായ സൗകര്യങ്ങളും ഒരുക്കി മോദിയും ഒപ്പമുണ്ടായിരുന്നു.
അമിത് ഷായുടെയും ബി.ജെ.പിയുടെയും പ്രധാനമുദ്രാവാക്യമായ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളോട് കാണിക്കേണ്ട ജനാധിപത്യ സംസ്‌കാരങ്ങള്‍പോലും മോദിയും അമിത്ഷായും കാണിച്ചില്ലായെന്ന് മാത്രമല്ല ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും സമരരംഗത്തിറങ്ങിയ കോണ്‍ഗ്രസിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പ്രധാനമന്ത്രിയും അമിത് ഷായും നടത്തിയത്.
ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളെ സി.ബി.ഐയെ ഉപയോഗിച്ച് അഴിമതിക്കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ ഒരുവര്‍ഷക്കാലമായി മോദി നടത്തിയത്. മോദിയുടെയും അമിത്ഷായുടെയും എല്ലാ കരുനീക്കങ്ങളെയും തകര്‍ത്തുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്.
ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക കോണ്‍ഗ്രസും മതേതര ശക്തികളുമായിരിക്കും. അതിന്റെ ആദ്യത്തെ നിമിത്തമാണ് ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരവും ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിയും.
https://youtu.be/ymOGhPNuY4o