പഞ്ചാബിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി പാര്‍ലമെന്‍റിന് മുന്നില്‍ ഉരുളക്കിഴങ്ങ് വിറ്റ് കോണ്‍ഗ്രസ് എം.പിമാര്‍. സുനില്‍ ജാഖര്‍, ഗുര്‍ജീത് സിങ് ഓജ്‌ല എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പിമാരാണ് പഞ്ചാബിലെ കര്‍ഷകരുടെ ദുരിതം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനായി പാര്‍ലമെന്‍റിന് മുന്നില്‍ ഉരുളക്കിഴങ്ങ് വിറ്റ് പ്രതിഷേധിച്ചത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എം.പിമാര്‍ കര്‍ഷകദുരിതം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി.
പ്രധാനമന്ത്രിക്ക്കര്‍ഷകരുടെ ദുരിതം കാണാന്‍ സമയമില്ലെന്നും അനില്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റ് സുഹൃത്തുക്കളുടെ പ്രശ്നങ്ങളിലാണ് മോദിയുടെ ഉത്കണ്ഠയെന്നും കോണ്‍ഗ്രസ് എം.പി സുനില്‍ ജാഖര്‍ ആരോപിച്ചു. കറന്‍സി രഹിത ഇന്ത്യ എന്നതുപോലെ കര്‍ഷക രഹിത ഇന്ത്യയാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പഞ്ചാബ് സന്ദര്‍ശനത്തിനിടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടറിയാന്‍ ഒരിക്കല്‍പോലും ശ്രമിച്ചില്ലെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി.
അസംസ്കൃതസാധനങ്ങള്‍ക്ക് വില കൂടിയതും കാര്‍ഷികവിളകള്‍ക്ക് വില ലഭിക്കാത്തതും കാരണം ആത്മഹത്യയല്ലാതെ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയായി. കര്‍ഷകരുടെ ഇത്തരം ദുരിതപൂര്‍ണമായ അവസ്ഥയ്ക്ക് കാരണം മോദി സര്‍ക്കാരിന്‍റെ കാര്‍ഷികരംഗത്തെ തെറ്റായ നയങ്ങള്‍ ആണെന്നും എം.പിമാര്‍ ചൂണ്ടിക്കാണിച്ചു.