മണിപ്പൂരിൽ കോൺഗ്രസ്‌ അധികാരത്തിലേക്ക്; ബിജെപിയെ ഞെട്ടിച്ച് മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; പിന്തുണ പിന്‍വലിച്ച് സഖ്യകക്ഷി ; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രനുള്‍പ്പെടെ 9 എംഎല്‍എമാർ

മണിപ്പൂരിൽ കോൺഗ്രസ്‌ അധികാരത്തിലേക്ക്. മണിപ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് മൂന്ന് എംഎല്‍എമാര്‍ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. എംഎൽഎമാരായ സുഭാഷ് ചന്ദ്ര സിംഗ്, ടി ടി ഹാവോകിപ്, സാമുവൽ ജെൻഡായ് എന്നിവരാണ് രാജിവെച്ച് കോണ്‍ഗ്രസിൽ ചേർന്നത്. ‌ബിജെപിക്ക് ഇനി 18 എംഎൽഎമാർ മാത്രമാണുള്ളത്. ഇതിന് പുറമെ 4 സഖ്യകക്ഷി എംഎല്‍എമാരും രാജിവച്ച് പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎയും ഒരു സ്വതന്ത്ര എംഎല്‍എയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

ഭരണമുന്നണിയിലെ ഘടക കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എൻപിപി)യിൽ നിന്ന് ഒരു മന്ത്രിയടക്കം നാലുപേരും ഒരു തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎയും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സഖ്യകക്ഷിയായ എന്‍പിപിയുടെ മന്ത്രിമാരായ വൈ. ജോയ്കുമാര്‍ സിങ്, എന്‍ കയിസ്, എല്‍ ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവരാണ് രാജി സമർപ്പിച്ചു. ഇവരെല്ലാവരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടി.റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ദീനും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി. ഇതിനിടെ, പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമം കോൺഗ്രസ് തുടങ്ങിയതായും ഗവർണറെ കണ്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എംഎല്‍എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60അംഗ നിയമസഭയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ നാല് സീറ്റ് വീതം നേടി. തൃണമൂലും ലോക്ജനശക്തി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.

എന്നാല്‍ 21 സീറ്റ് നേടിയ ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. കോണ്‍ഗ്രസ് ഇതര എംഎല്‍എമാരുടെ പിന്തുണയോടെ ആയിരുന്നു ബിജെപി അധികാരം പിടിച്ചത്.

Comments (0)
Add Comment