കോൺഗ്രസ് മതേതര സന്ദേശയാത്ര പാലക്കാട്

കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ‘കോൺഗ്രസ് മതേതര സന്ദേശയാത്ര ‘ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വൻവിജയത്തോടെ പൂർത്തിയായി. കല്ലേകുളങ്ങര കൈപ്പത്തി ക്ഷേത്രത്തിൽ നിന്നാരംഭിച്ച പഥയാത്ര ചരിത്രമുറങ്ങുന്ന കോട്ടമൈതാനിയിൽ അവസാനിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സന്ദർശിച്ച കല്ലേക്കുളങ്ങര കൈപ്പത്തി ക്ഷേത്രത്തിൽ നിന്നും കോട്ടമൈതാനത്തേക്കാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി യുടെ നേതൃത്വത്തിൽ കോൺഗ്രസ് മതേതര സന്ദേശയാത്ര നടത്തിയത്. വൈകിട്ട് അഞ്ചരക്കാരംഭിച്ച പഥയാത്ര രാത്രി ഏഴരക്ക് പൂർത്തിയായി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ഡി സി സി യുടെ ആഭിമുഖ്യത്തിൽ ഏമൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും മതേതര സന്ദേശയാത്ര സംഘടിപ്പിച്ചത്.

പശുവും കിടാവും ചിഹ്നം മരവിപ്പിച്ചതിന് ശേഷം ഇന്ദിരാഗാന്ധിയാണ് ഏമൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൈപ്പത്തി കോൺഗ്രസിന്‍റെ ചിഹ്നമായി പ്രഖ്യാപിച്ചത്. ഇന്ദിരാഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ചരിത്ര പ്രാധാന്യം നേടിയ ഏമൂർ ക്ഷേത്രത്തിൽ നിന്നു തുടങ്ങിയ മതേതര സന്ദേശയാത്ര ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ 77ലെ ചരിത്ര വിജയത്തിന്‍റെ ആവർത്തനത്തിന് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്ക് മുമ്പ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് മതേതര സന്ദേശയാത്ര കല്ലേക്കുളങ്ങരയിൽ നിന്നും ആരംഭിച്ചത്. യാത്ര കടന്നു പോയവഴിയുടെ ഇരു ഭാഗങ്ങളിലും തടിച്ച് കൂടിയ നൂറുകണക്കിന് വഴിയാത്രക്കാരും, നാട്ടുകാരും യാത്രാ നായകൻ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിക്ക് അഭിവാദ്യമർപ്പിച്ചു. പ്രധാന ജംഗ്ഷനുകളിൽ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരും നേതാക്കളും മതേതര സന്ദേശയാത്രക്ക് അഭിവാദ്യമർപ്പിക്കാനെത്തി.

യാത്ര കടന്നുപോകുന്ന റോഡിന് ഇരുഭാഗങ്ങളിലേയും വൈദ്യുതി വിളക്കുകൾ അണച്ച് വൈദ്യുതി വകുപ്പ് രാഷ്ട്രീയ വിരോധം പ്രകടിപ്പിച്ചെങ്കിലും ആയിരക്കണക്കിന് പ്രവർത്തകരുടെ ആവേശം യാത്രാ നായകനും, പഥയാത്ര അംഗങ്ങൾക്കും കരുത്ത് പകർന്നു.

https://www.youtube.com/watch?v=r3nPGAygJks

ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം എൽ എ, മുൻ എംപി വി.എസ്. വിജയരാഘവൻ, സി.വി ബാലചന്ദ്രൻ, പി.ടി. അജയ് മോഹൻ തുടങ്ങിയ നേതാക്കൾ മതേതര സന്ദേശയാത്രയുടെ മുൻനിരയിലുണ്ടായിരുന്നു.

7 കിലോമീറ്റർ ദൂരം, രണ്ട് മണിക്കൂർകണ്ട് നടന്ന് പൂർത്തിയാക്കി. കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസിനും യുഡിഎഫിനും  കരുത്തു പകരുന്നതാകും കെ പി സി സി പ്രസിഡന്‍റ് നയിച്ച മതേതര സന്ദേശയാത്ര.

indira gandhiKaipathymullappally ramachandrankpcc president
Comments (0)
Add Comment