ബിജെപിയുടെ കമ്മീഷന്‍ സർക്കാരിനെ പുറത്താക്കി കർണാടക; വിജയത്തേരേറി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, May 13, 2023

 

ബംഗളുരു: ബിജെപിയുടെ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതി കർണാടക. മോദി പ്രഭാവത്തിന് മങ്ങൽ വീണു തുടങ്ങി. വിധാൻ സൗദയിൽ ഇനി കോൺഗ്രസ് വാഴും. ബോമ്മെ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്‍റെ ചിട്ടയായ പ്രവർത്തനവുമാണ് വിജയത്തിന് കരുത്തേകിയത്.

ബിജെപി സർക്കാർ 40% കമ്മീഷൻ സർക്കാർ ആണെന്ന വസ്തുത സാധൂകരിക്കുന്നതാണ് കോൺഗ്രസിന്‍റെ വിജയം. വികസനം എന്ന മേമ്പൊടിയിൽ വർഗീയതയെ പാലൂട്ടി വളർത്തുന്ന ബിജെപി സർക്കാർ നടത്തിയ സോഷ്യൽ എൻജിനീയറിംഗ് കന്നട മണ്ണിൽ വിലപ്പോയില്ല. പരമ്പരാഗതമായി ബിജെപിക്ക് മേൽക്കൈയുള്ള തീരദേശ കർണാടകയിലും മധ്യ കർണാടകയിൽ പോലും അടിപതറുന്ന അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ വർഗീയ കുതിരക്കച്ചവട രാഷ്ട്രീയം ഇനി ഭാരതത്തിൽ വിലപ്പോവില്ല എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ നാൾ മുതൽ തന്നെ കോൺഗ്രസ് എടുത്തു കാട്ടിയത് ബിജെപി സർക്കാരിന്‍റെ അഴിമതിയാണ്. 40% കമ്മീഷന്‍റെ പേരിൽ ഒരു കോൺട്രാക്ടർ ആത്മഹത്യ ചെയ്യേണ്ടി വരികയും പിന്നീട് ഒരു മന്ത്രിക്ക് അഴിമതി ആരോപണത്തിന്‍റെ പേരിൽ രാജി വെക്കേണ്ടി വരികയും ചെയ്തത് ബിജെപിയെ ചെറുതായിട്ടൊന്നുമല്ല പിന്നോട്ടടിച്ചത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും പൗരത്വ ഭേദഗതിക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കും എന്നുള്ള പ്രഖ്യാപനങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുത്തില്ല. കാരണം അതിനെ തരണം ചെയ്യുന്നതായിരുന്നു കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ജനകീയ പ്രഖ്യാപനങ്ങൾ.

ഇതുകൂടാതെ മന്ത്രിമാർ തന്നെ അഴിമതി കേസുകളിൽ ആരോപണ വിധേയരാവുകയും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുകയും ചെയ്തതോടെ ബിജെപിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതും ലിംഗായത്ത് നേതാവും മുൻ ബിജെപി മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറും ഉപ മുഖ്യമന്ത്രി ലക്ഷ്മൺ സാവദിയും കോൺഗ്രസിലേക്ക് എത്തിയതതും ബിജെപിക്ക് പൊയ്ക്കൊണ്ടിരുന്ന ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലേക്ക് അടുക്കുന്നതിന് കാരണമായി. ഹിജാബ് വിഷയവും മുസ്‌ലിം സംവരണം എടുത്തു കളഞ്ഞതും ബിജെപിയുടെ പതർച്ചയുടെ ആർക്കും കൂട്ടി. മോദിയും യോഗിയും അമിത്ഷായും നിരന്നിട്ടു പോലും കന്നട മണ്ണ് നിലനിർത്താൻ ബിജെപിക്ക് ആയില്ല. ബിജെപിയുടെ വേരുകള്‍ക്ക് വളം നല്‍കാന്‍ ദക്ഷിണേന്ത്യ ഒരുക്കമല്ലെന്ന് തെളിയിക്കുന്നതുകൂടിയാണ് കർണാടക ജനവിധി.