മോദിക്ക് കർഷകരോട് സംസാരിക്കാന്‍ ഭയം ; ഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കം അംഗീകരിക്കാനാകില്ല ; അലയടിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Saturday, January 16, 2021

 

തിരുവനന്തപുരം :  കര്‍ഷകരോട് സംസാരിക്കാന്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

പ്രധാനമന്ത്രി രാജാവല്ല, ജനപ്രതിനിധിയാണ്. കര്‍ഷകരോട് സംസാരിക്കാന്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്നത് എല്ലാവരേയും അത്ഭുതപെടുത്തുന്നു. കര്‍ഷകരുടെ ആശങ്കകള്‍ നിമിഷ നേരം കൊണ്ട് പരിഹരിക്കാനുള്ള ഉത്തരവാദിത്വം മോദിക്ക് ഉണ്ടെന്നും  ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കൃഷി ഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള  മോദിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കൃഷിഭൂമി കൃഷിക്കാരന് അവകാശപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് വേണ്ടി മരിക്കാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.  സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിക്കുന്ന ഉജ്വല സമരമാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.