സമാനമായ ഫലം പ്രൊഫൈലിൽ; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയവുമായി ദി​ഗ് വിജയ് സിങ്

Jaihind Webdesk
Tuesday, December 5, 2023

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയം ഉയർത്തി കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് സംശയിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിന് തെളിവായി അദ്ദേഹം രണ്ട് സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടു. ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലെ ഫലത്തിലെയും സാമ്യതയാണ് ദി​ഗ് വിജയ് സിങ് ചൂണ്ടിക്കാട്ടിയത്.

ഖച്റോഡ് നിയമസഭാ സീറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും എത്ര വോട്ട് ലഭിച്ചുവെന്നും മാർജിൻ എത്രയാണെന്നും ബിജെപി പ്രവർത്തകൻ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പ്രവചിച്ചത് കൃത്യമായതെങ്ങനെയെന്നും ദി​ഗ് വിജയ് സിങ് ചോദിച്ചു. ബിജെപി അനുയായി അനിൽ ചജ്ജേദിന്‍റെ പ്രൊഫൈലിൽ ഡിസംബർ ഒന്നിന് സമാനമായ ഫലം വന്നതെങ്ങനെയെന്ന് ദി​ഗ് വിജയ് സിങ് ചോദിച്ചു. ഉജ്ജൈൻ ജില്ലയിലെ അസംബ്ലി മണ്ഡലത്തിൽ 1,78,364 വോട്ടുകൾ പോൾ ചെയ്തതായി ഡിസംബർ 1 ലെ പോസ്റ്റിൽ ചജ്ജേദ് കുറിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥിക്ക് 93,000 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 77,000 വോട്ടുമാണ് അദ്ദേഹം പ്രവചിച്ചത്. ഫലം വന്നപ്പോൾ  93,552 (ബിജെപി), 77,625 (കോൺഗ്രസ്) എന്നിങ്ങനെയായിരുന്നു വോട്ടുനില.