അഗസ്താ വെസ്റ്റ്‌ലാൻഡിന്‍റെ സംരക്ഷകരും പങ്കാളിയും മോദി സർക്കാരെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല. വെസ്റ്റ്‌ലാൻഡിനെ കരിംപട്ടികയിൽ നിന്ന് നീക്കിയ മോദി സർക്കാർ കമ്പനിയെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു.പി.എ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയാണ് അഗസ്റ്റാ വെസ്റ്റാലാന്‍റ്. ഈ കമ്പനിയുടെ ലാഭം നേടിയത് നരേന്ദ്രമോദിയാണെന്നും സുർജേവാല വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിനോ നേതാക്കൾക്കോ ഇതുമായി ബന്ധമില്ല. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കാൻ മിഷേലിന് ബി.ജെ.പിയിൽ നിന്നും സമ്മർദമുണ്ടായതായി മിഷേലിന്‍റെ സഹോദരിയും അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ ജനങ്ങൾ മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കും. തുടർന്നു വരുന്ന പുതിയ സർക്കാർ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സുർജേവാല വ്യക്തമാക്കി.
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഗുണ്ടാരാജാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിംഗിന്‍റെ മരണം ആത്മഹത്യയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കൾ വനിത പോലീസുകാർ ഉൾപ്പടെയുള്ളവരെ അക്രമിക്കുന്ന ഉത്തർപ്രദേശിൽ ക്രമസമാധാനനില പാടേ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജംഗിൾരാജാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.