തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശികളായ യുവതികൾ ഷാഫി പറമ്പിൽ എം.എൽ.എ യോട് നടത്തിയ അഭ്യർത്ഥനയാണ് തുണയായത്. പാലക്കാട് എസ്.ആർ.കെ നഗർ പടിക്കപ്പറമ്പിൽ രശ്മി, തൃത്താല തച്ചാരംകുന്നത്ത് ആതിര എന്നിവരാണ് ലോക് ഡൗൺ നീട്ടിയതോടെ വീട്ടിലെത്താൻ മാർഗമില്ലാതെ കൂടുതൽ വിഷമസന്ധിയിലായത്.
ലോക്ക്ഡൗണിൽ കഴിഞ്ഞ 21 ദിവസത്തോളം നാട്ടിലെത്താൻ പറ്റാതെ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഇരുവരും മങ്ങാട്ടുകവലയിലുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.
പലരെയും സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കാര്യം നടന്നില്ല. ഇതോടെ ഇവർ ഒറ്റപ്പാലത്തെ യൂത്ത് കോൺഗ്രസ് നേതാവ് മുഖേന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ യോട് ഫോണിൽ വിളിച്ചു വീട്ടിലെത്താനുള്ള സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഇതേ തുടർന്ന് ഷാഫി പറമ്പിൽ തൊടുപുഴയിലെ ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യുവിന്റെ മൊബൈൽ നമ്പർ ഇവർക്ക് നൽകുകയും ജിയോയെ വിളിച്ചു വേണ്ട സഹായങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഇതേ തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യൂ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് എന്നിവർ ചേർന്ന് തൊടുപുഴ ഡി.വൈ.എസ്.പി യുമായി ബന്ധപ്പെട്ടു ഇവർക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി വാങ്ങുകയും ഇടവെട്ടി തെക്കുംഭാഗം സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അരുൺ ബെന്നിയുടെ വാഹനത്തിൽ യുവതികളെ അരുൺ അവരവരുടെ വീടുകളിലെത്തിക്കുകയായിരുന്നു.