സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുടെ ഇടപെടൽ ഫലം കണ്ടു; മുംബൈയിൽ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് കേരളത്തിലെത്തും

Jaihind News Bureau
Saturday, May 23, 2020

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി,  രാഹുൽ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാൽ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് മുംബൈയിൽ  നിന്നും  ഏര്‍പ്പെടുത്തിയ ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും. കഴിഞ്ഞ ദിവസം രാത്രി 9.50 ന് കുർള ടെർമിനലിൽ നിന്നു പുറപ്പെട്ട  ട്രെയിനില്‍ 23 ബോഗികളിലായി ആയിരത്തോളം പേരാണ് യാത്ര തിരിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട യാത്ര സൗകര്യങ്ങൾ ഒരുക്കിയത് മഹാരാഷ്ട്ര സർക്കാരാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ മഹാരാഷ്ട്ര സർക്കാർ അയക്കുന്നതെന്ന് എം.പി.സി.സി. പ്രസിഡന്‍റ് കൂടിയായ മന്ത്രി ബാലാസാഹേബ് തൊറാട്ട് ട്വീറ്റ് ചെയ്തിരുന്നു.

നഗരത്തിൽ മാസങ്ങളായി കുടുങ്ങി കിടന്നിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരിൽ ഗർഭിണികൾ അടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും സർക്കാർ നൽകുകയുണ്ടായി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളെ കൂടാതെ പൂനെ, നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പേരും യാത്രക്കാരിൽ ഉൾപ്പെടും. ഇവരുടെയെല്ലാം സ്ക്രീനിങ് , മെഡിക്കൽ പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതിനുശേഷമാണ് ട്രെയിനില്‍ കയറുവാൻ അനുവദിച്ചത്. മുംബൈയിൽ നിന്നും പുറപ്പെട്ട ട്രെയിന്‍ ശനിയാഴ്ച വൈകീട്ട് 6.35-ന് എറണാകുളത്തും രാത്രി 11 മണിക്ക് തിരുവനന്തപുരത്തും എത്തും.