കോണ്‍ഗ്രസ് പോഷകസംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി

 

തിരുവനന്തപുരം : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പോഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചര്‍ച്ച നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍റെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ന് കോണ്‍ഗ്രസ് പോഷക സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ച രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ.ഐ.സി.സി പ്രതിനിധിയായ ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഇന്‍കാസ്, ഡിസേബിള്‍ഡ് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാളെ മുതലാണ് എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള യോഗങ്ങള്‍ ആരംഭിക്കുന്നത്. 140 മണ്ഡലങ്ങളിലേയും ചുമതലയുള്ള സെക്രട്ടറിമാരുമായും നടത്തിയ കൂടികാഴ്ചക്ക് പിന്നാലെയാണ് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

അതേസമയം മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയുമായി തിരുവനന്തപുരം സഭാ ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം താരിഖ് അന്‍വര്‍ പ്രതികരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഇവാന്‍ ഡിസൂസ മാര്‍ത്തോമ സഭാ ബിഷപ്പുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പയുമായാണ് കൂടിക്കാഴ്ച നടത്തിയത്.

Comments (0)
Add Comment