വാക്സിന്‍ വിതരണത്തിന് 100 കോടിയുടെ പദ്ധതിയുമായി കോണ്‍ഗ്രസ് ; അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കണമെന്ന് കെസി വേണുഗോപാല്‍ എം.പി

Jaihind Webdesk
Saturday, May 15, 2021

ബംഗളുരു : കര്‍ണാടകയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് 100 കോടിയുടെ പദ്ധതിയുമായി കോണ്‍ഗ്രസ്. ഇതിന് അനുമതി നല്‍കുമോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയോട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനോ ആവശ്യമായ വാക്സിന്‍ ലഭ്യമാക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വാക്സിന്‍ വിതരണത്തിന് കോണ്‍ഗ്രസ് പദ്ധതി ആവിഷ്കരിച്ചത്. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമുണ്ട്. കോണ്‍ഗ്രസിന്‍റെ വാക്സിനേഷന്‍ പദ്ധതിക്ക് അനുമതി നല്‍കുമോയെന്നത് വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി മുഖ്യമന്ത്രി യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അറിയാന്‍ കര്‍ണാടകയിലെ ജനത്തിന് ആഗ്രഹമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നിര്‍മാതാക്കളില്‍ നിന്ന് 100 കോടി രൂപയുടെ വാക്സിന്‍ നേരിട്ട് വാങ്ങി  വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 10 കോടി ഇതിനായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഫണ്ടില്‍ നിന്നും ബാക്കി 90 കോടി കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തുന്നത്. എന്നാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മാത്രമാണ് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ നിലവില്‍ അനുമതിയുള്ളത്. വാക്സിന്‍ വിതരണത്തിന് കുതിപ്പേകുന്ന കോണ്‍ഗ്രസ് പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.

വാക്സിന്‍ വിതരണം കൃത്യമായി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദൌത്യം ഏറ്റെടുത്ത് മുന്നോട്ടുവന്നതെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണ് ആവശ്യം. അതിരൂക്ഷമായ കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി കേന്ദ്രം പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.