അദാനിയുടെ പേ റോളില്‍ അംഗമാകേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ


അദാനിയുടെ പേ റോളില്‍ അംഗമാകേണ്ട ബാധ്യത ഒരു കോണ്‍ഗ്രസുകാരനുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ലാഭകരമായും മാതൃകപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതുതാനുള്ള തീരുമാനത്തോട് കൂട്ടുനില്‍ക്കേണ്ട ആവശ്യം ആര്‍ക്കുമില്ല. 350 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് മുപ്പതിനായിരം കോടി വിലയുള്ളതാണ്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നു എന്നത് പ്രധാനമന്ത്രിയും ബി.ജെ.പിയും വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.

ഒന്നുമില്ലാത്തിടത്തു നിന്നും ഇന്ത്യയെ ഇന്നു കാണുന്ന ഒരു മഹാസൗധമാക്കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനഫലമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടന നിര്‍മ്മിത സ്ഥാപനങ്ങളും ഓരോന്നായി തകര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. സാമ്രാജ്യത്വ ശക്തികളും കോര്‍പ്പറേറ്റുകളുമായിട്ടാണ് കേരള സര്‍ക്കാരിനും ബന്ധം. രാജ്യതാല്‍പ്പര്യം സ്വകാര്യ കുത്തക ഭീമന്‍മാര്‍ക്ക് മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയറവുവയ്ച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണ്. ഇത് കേരളത്തിന് അപമാനകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കിയതിന്‍റെ പേരില്‍ മുഖ്യമന്ത്രി സി.പി.എം സൈബര്‍ മാഫിയ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇരുട്ടില്‍ നിന്ന് ഇന്ത്യയെ വീണ്ടും വെളിച്ചത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.

ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധിയുടെ ജീവിതം സുഗന്ധം പരത്തി ഞൊടിയിടയില്‍ കത്തിത്തീര്‍ന്ന കര്‍പ്പൂര ദീപം പോലെയാണ്.ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധി.ശാസ്ത്ര അവബോധമുള്ള നേതാവ്. വ്യാവസായിക വിപ്ലവത്തിന് അടിത്തറ പാകിയപ്പോഴും അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്മ്യൂണിക്കേഷന്‍ രംഗത്ത് ചടുലമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. മഹാത്മാ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ യത്‌നിച്ചു. അതിനായി പഞ്ചായത്ത് രാജ് നഗരപാലിക നിയമം പാസാക്കി.

പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളോട് ഒരു വൈകാരിക ബന്ധവും സി.പി.എമ്മിനില്ല. സി.പി.എമ്മുകാരാണ് പഞ്ചായത്ത് രാജ് നഗരപാലിക നിയമം ആദ്യം രാജ്യസഭയില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയത്. വീണ്ടും കോണ്‍ഗ്രസ് അധികരത്തിലെത്തി നിയമം പാസാക്കിയെടുത്തപ്പോള്‍ രാജീവ് ഗാന്ധി ഉപയോഗിച്ച ജനകീയ ആസൂത്രണമെന്ന പദം പോലും സി.പി.എമ്മുകാര്‍ കട്ടെടുക്കുകയായിരുന്നു. വിവരസാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോള്‍ കംപ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചവരാണ് സി.പി.എമ്മുകാര്‍.

സാക്ഷര ഇന്ത്യയെ പടത്തുയര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. രാജീവ് ഗാന്ധിയുടെ സത്യസന്ധതയും സുതാര്യതയുമായിരുന്നു അദ്ദേഹത്തിന്‍റെ പൊതുജീവിതത്തിന്‍റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment