‘ഒന്നും മറക്കുന്ന ശീലം കോണ്‍ഗ്രസിനില്ല; ജോർജ് ഫ്ലോയിഡുമാരെ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവർ പ്രത്യാഘാതങ്ങള്‍ ആലോചിക്കുന്നത് നല്ലതായിരിക്കും’: കെ. സുധാകരന്‍ എംപി

Jaihind Webdesk
Sunday, November 26, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചെന്ന പേരില്‍ കെഎസ്‌യു പ്രവർത്തകനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച പോലീസ് നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റെ കെ. സുധാകരന്‍ എംപി.

“തെരുവ് ഗുണ്ടയുടെ നിലവാരമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ ക്രിമിനൽ മന്ത്രി പറയുന്നതും കേട്ട് കേരളത്തിൽ ജോർജ് ഫ്ലോയിഡുമാരെ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ്, ഇതിന്‍റെയൊക്കെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് മാത്രം പോലീസുകാരെ ഓർമിപ്പിക്കുന്നു. ഇതൊന്നും മറന്ന് പോകുന്ന ശീലം കോൺഗ്രസിനില്ല!” – കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകർക്കു നേരെയാണ് പോലീസിന്‍റെ കിരാതമായ നടപടിയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു.

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഡെപ്യൂട്ടി കമ്മീഷണർ ബൈജു കെഎസ്‌യു പ്രവർത്തകന്‍റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും കഴുത്തിന് മുറുക്കിയ കൈ അയക്കാന്‍ ഇയാള്‍ തയാറായില്ല. അമേരിക്കയില്‍ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിയോടാണ് ഇത് ഉപമിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രതിഷേധമാണ് കേരള പോലീസിന്‍റെ കിരാത നടപടിക്കെതിരെ ഉയരുന്നത്.