പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സമിതി നാളെ കേസിന്റെ വാദം കേൾക്കും.
മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവാണ് ഇത് സംബന്ധിച്ച് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിനും പെരുമാറ്റച്ചട്ടം ലംഘിച്ചതിനും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഹർജി. ഇക്കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സൈനികരുടെ പേരിലും പുൽവാമ, ബലാകോട്ട് സംഭവങ്ങളുടെ പേരിലും ബി.ജെ.പി വോട്ട് പിടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
‘മോദിയുടെയും അമിത് ഷായുടെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് എട്ട് പരാതികളാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്തുകൊണ്ടാണ് ഈ പരാതിയില്‍ നടപടി സ്വീകരിക്കാത്തത്? ഇത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്’ – സുഷ്മിത പറഞ്ഞു.
പരാതി നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കാൻ കമ്മീഷൻ തയാറായിട്ടില്ല. മോദിക്കെതിരെ നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് ‘കാണാതായത്’ സംബന്ധിച്ചും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.