പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭൂസ്വത്ത് മറച്ചുവെച്ചതായി രേഖകള്‍. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടി എടുക്കണമന്ന് എ ഐ.സി.സി.സി വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മാധ്യമപ്രവർത്തകനായ സാകേത് ഗോഖലെയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
2007 ല്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സെക്ടര്‍ 1 ലെ പ്ലോട്ട് 411 ന്‍റെ ഉടമ താനാണെന്ന് മോദി സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ലഭ്യമായ ഭൂമി രേഖകൾ പ്രകാരം പ്ലോട്ട് 411 ഇപ്പോഴും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പേരിലാണ്. പിന്നീട് നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ഭൂമി നമ്പര്‍ 401 എ ആണെന്നും നാല് ഉടമസ്ഥരില്‍ ഒരാളെന്നുമാണ് മോദി സാക്ഷ്യപ്പെടുത്തുന്നത്. 2006ല്‍ അരുണ്‍ ജെയ്റ്റ്ലിയുടെ സത്യവാങ്മൂലത്തിലും ഇതേ ഭൂമിയുണ്ട്. ഗാന്ധിനഗറില്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്‌നമ്പര്‍ 401 ന്‍റെ ഉടമയെന്നാണ് ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുള്ളത്‍. 2014ലേക്കെത്തിയപ്പോള്‍ മോദിക്ക് സമാനമായി, ഭൂമി നമ്പര്‍ 401 എ ആണെന്നും നാല് ഉടമസ്ഥരില്‍ ഒരാളാണെന്നും പറയുന്നു.
ഗുജറാത്ത് സര്‍ക്കാരിന്‍റെ പദ്ധതിപ്രകാരമാണ് തുച്ഛമായ വിലയ്ക്ക് മോദി ഈ ഭൂമി സ്വന്തമാക്കിയത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന ഭൂമിയാണ് പല ബി.ജെ.പി നേതാക്കളുടെയും പേരിലുള്ളത്. എന്നാല്‍ ഇത്തരത്തില്‍ ഭൂമി അനുവദിക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ 2000 ത്തില്‍ ഗുജറാത്ത് ഹൈക്കോടതി തീരുമാനിച്ചു (SCA No. 13550/2000). പദ്ധതി പ്രകാരം കൂടുതൽ പ്ലോട്ടുകൾ അനുവദിക്കരുതെന്നും ഇതിനോടകം അനുവദിച്ച പ്ലോട്ടുകള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്നും 2012 നവംബർ 2 ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
2000 ന് ശേഷം ഇത്തരത്തില്‍ ഭൂമി അനുവദിച്ചിട്ടില്ലെന്ന് ഗുജറാത്ത് ഗവണ്‍മെന്‍റ് സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും മോദിക്ക് ഭൂമി ഇത്തരത്തില്‍ അനുവദിച്ചത് 2002 ലാണെന്നും ഹര്‍ജിയില്‍ ഗോഖലെ ചൂണ്ടിക്കാട്ടുന്നു. റിട്ടയേഡ് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ജനപ്രാതിനിധ്യം നിയമത്തിന്‍റെ ലംഘനമാണ് മോദി നടത്തിയത്. തെറ്റായ സത്യവാങ്മൂലം നൽകിയാൽ 6 മാസം തടവോ പിഴയോ ലദിക്കാം. സ്വത്തുവിവരം മനപൂർവം മറച്ചുവെച്ചതിന് മോദിക്ക് എതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.