ഡല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കോണ്‍ഗ്രസ് ആശംസകള്‍ നേര്‍ന്നു. വിഭജന രാഷ്ട്രീയ’ത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്നും ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദേവേന്ദര്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നാണ് പ്രത്യാശയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ തിരഞ്ഞടുപ്പു ഫലം പുറത്തു വന്ന് പത്തു ദിവസത്തിലേറെയായിട്ടും ബിജെപി യ്ക്ക് നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ബുധനാഴ്ച രാത്രിയിലാണ് രേഖാ ഗുപ്തയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണ്ണറോട് ഉന്നയിച്ചത്. രാംലീല മൈതാനില്‍ രേഖയുടെ നേതൃത്വത്തിലുള്ള ആറംഗ മന്ത്രിസഭ വ്യാഴാഴ്ച അധികാരമേല്‍ക്കും. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത്. ബിജെപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് രേഖാ ഗുപ്ത.
ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് രേഖാ ഗുപ്ത എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. പര്‍വേശ് വര്‍മ്മ, ആശിഷ് സൂദ്, പങ്കജ് സിംഗ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, കപില്‍ മിശ്ര, രവീന്ദര്‍ ഇന്ദ്രജ് എന്നിവരടങ്ങുന്ന മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളിനെയും അതിഷിയെയും ചടങ്ങിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രി എന്നതിനപ്പുറം, മദന്‍ ലാല്‍ ഖുറാന, സാഹിബ് സിംഗ് വര്‍മ്മ, സുഷമ സ്വരാജ് എന്നിവര്‍ക്ക് ശേഷം നാലാമത്തെ ബിജെപി മുഖ്യമന്ത്രി കൂടിയാണ് ഗുപ്ത. രാജ്യത്ത് ബിജെപി ഭരിക്കുന്ന ഏതൊരു സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഏക വനിതാ മുഖ്യമന്ത്രി എന്ന പ്രത്യേകതയും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കുണ്ട്