ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യസന്ധത തെളിയിക്കുന്നു. റഫേലില്‍ അന്വേഷണം നടത്തേണ്ടത് കോടതിയല്ല. ഒരേയൊരു മാര്‍ഗ്ഗം ജെ.പി.സിയയാണ്. കോണ്‍ഗ്രസ് സി.എ.ജിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ നടന്നത് വന്‍ അഴിമതി.
കോടതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇത് ആര്‍ട്ടിക്കിള്‍ 36 ല്‍ പറയുന്നുണ്ട്. വിധിയില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഒന്നുമില്ല. സംയുക്ത പാര്‍ലമെന്ററി അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. ജെ.പി.സി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാരിന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് വ്യക്തമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇടപാടില്‍ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തു. യു.പി.എ സര്‍ക്കാരിനെക്കാള്‍ വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതെന്ന് മോദി വ്യക്തമാക്കണം. എണ്ണം കുറയ്ക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണം സുര്‍ജെവാല പറഞ്ഞു.