കോണ്‍ഗ്രസ് ചിതറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എ.എ ലത്തീഫ് അന്തരിച്ചു

Jaihind Webdesk
Friday, May 14, 2021

കൊല്ലം : ചടയമംഗലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ചിതറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എ.എ ലത്തീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. കബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉച്ചകഴിഞ്ഞ് നടക്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ചടയമംഗലം നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചിതറ പഞ്ചായത്തിലെ ചിറവൂര്‍, പുതുശേരി വാര്‍ഡുകളില്‍ നിന്നായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1992 ല്‍ കോണ്‍ഗ്രസ് ചിതറ മണ്ഡലം പ്രസിഡന്‍റായി. തുടര്‍ന്ന് 25 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്നു. മികച്ച സംഘാടകനായ ലത്തീഫ് നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ലത്തീഫിന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പനൂര്‍ രവി, എം.എം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്‌മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ബി.എസ് ഷിജു തുടങ്ങിയവര്‍ അനുശോചിച്ചു.