ഗോഡ്‌സേയുടെ പേരില്‍ സമ്മേളന നഗര്‍ : ഹിന്ദു മഹാസഭ നടപടി വിവാദത്തില്‍ ; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, March 3, 2021

 

ആലപ്പുഴ: ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ഹിന്ദുമഹാസഭയുടെ  സമ്മേളന നഗര്‍. കഴിഞ്ഞ മാസം 21-ന് ആലപ്പുഴ കുത്തിയതോട് എന്‍എസ്.എസ് കരയോഗ ഹാളില്‍ നടന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പോസ്റ്ററുകളിലാണ് ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സേയുടെ പേരുള്ള സമ്മേളന നഗറിന്‍റെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായത്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. പരാതി ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പൊലീസ്.

ഗോഡ്‌സേയുടെ പേരില്‍ നഗരി സ്ഥാപിച്ച് സമ്മേളനം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ്  എം. ലിജു ആവശയപ്പെട്ടു. വിഷയത്തില്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും സിപിഎമ്മിന്റെ ജില്ലാ നേതൃത്വമോ പൊലീസോ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ കള്ളക്കളി ഉണ്ടെന്നാണ് സംശയിക്കുന്നത്.